തീയ്യസമുദായം ഇത് ചെയ്തേ തീരൂ....
ഒരു സമുദായം എന്ന നിലയിൽ തീയ്യർ ഇന്ന് ഇല്ലാതായിക്കൊണ്ടി രിക്കുകയാണ്. തീയ്യരുടെ സ്വത്വം സമൂഹത്തിൽ നഷ്ടപ്പെടുവാനുണ്ടായ കാരണങ്ങൾ പലതാണ്.
ശ്രീ നാരായണ ഗുരുവിനെ ഉപയോഗിച്ച് സ്വന്തം സ്വത്വം തന്നെ നശിപ്പിച്ച ഒരു സമുദായമാണ് തീയ്യർ. സ്വന്തം പാരമ്പര്യ സംസ്കാരത്തെ വിലകുറച്ചുകണ്ടുകൊണ്ട്, അതിന് ഭീഷണിയായി നിലകൊള്ളുന്ന നാരായണ ഗുരുവിന്റെ ആശയങ്ങളെ തീയ്യരിൽ അപൂർവം ചിലർ ഉയർത്തിപ്പിടിച്ചപ്പോൾ ഈ സമുദായത്തിന്റെ അസ്തിത്വം തന്നെ സമൂഹത്തിൽ നിന്ന് മാഞ്ഞുപോവുകയുണ്ടായി. തീയ്യസമുദായത്തിന്റെ സ്വത്വത്തിനേറ്റ ഈ ആഘാതത്തിന്റെ മുറിവുണങ്ങാൻ ഇനിയുമെത്രകാലം ഈ സമുദായം കാത്തിരിക്കേണ്ടി വരുമെന്ന് കണ്ട് തന്നെ അറിയണം
ഇന്ന് തീയ്യസമുദായത്തിൽ അപൂർവം ചിലർ നാരായണ ഗുരുവിനെ സമുദായബിംബമായി കൊണ്ടുനടക്കുകയാണ്. തീയ്യസമുദായത്തിന് അതിന്റെതായ പാരമ്പര്യമുണ്ട്, ആരാധനാരീതികളുണ്ട്, സംസ്കാരമുണ്ട്. അവയെല്ലാം തന്നെ ശ്രീ നാരായണഗുരു വിഭാവനം ചെയ്യുന്ന ആശയങ്ങൾക്ക് വിരുദ്ധവുമാണ്, എന്നിരുന്നാലും പോലും മഹത്തായ ഒരു കൂട്ടായ്മയെയും സമൂഹത്തെയും വാർത്തെടുക്കുന്നതിൽ തീയ്യസമുദായത്തിന്റെ പരമ്പരാഗത രീതികൾ നാരായണ ഗുരുവിന്റെ ആശയങ്ങളെ കടന്നുനിൽക്കുന്നവയുമാണ്.
ചില ഗൗരവമാർന്ന വിഷയങ്ങൾ പരിശോധനവിധേയമാക്കേണ്ടതുണ്ട്.
1. വടക്കൻ കേരളത്തിലെ തീയ്യസമുദായത്തിന്റെ സാമൂഹ്യപരിഷ്കരണം നടന്നിട്ടുള്ളത് ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെയല്ല. ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തന മണ്ഡലം തിരുവിതാംകൂർ ആയിരുന്നു എന്ന യാഥാർഥ്യബോധം തീയർക്കുണ്ടാവേണ്ടതുണ്ട്.
തറവാടുകളും കാവുകളും കേന്ദ്രീകരിച്ചുള്ള തീയ്യപാരമ്പര്യ കൂട്ടായ്മകൾ നിർമിച്ചത് നമ്മുടെ തന്നെ പൂർവികരാണ് എന്നിരിക്കെ പൂർവികർ ഒരുക്കിത്തന്ന ഈ മഹത്തായ വ്യവസ്ഥയുടെ നെറുകയിൽ ചവിട്ടിനിന്നുകൊണ്ടാണ് നമ്മൾ ശ്രീ നാരായണ ഗുരുവിനെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയണം. ഇങ്ങനെ നമ്മുടെ പൂർവികരെ ഇനിയും നമ്മൾ അവഹേളിക്കണോ എന്ന് നമ്മൾ തന്നെ ഗൗരവപൂർവം ചിന്തിക്കേണ്ടതാണ്.
തീയ്യരുടെ ആരാധനയിൽ മദ്യവും മാംസവും നിർബന്ധമാണ്, ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ നമ്മുടെ ഈ പരമ്പരാഗത രീതിയെ ശക്തമായി എതിർക്കുന്നു.
നാരായണഗുരു പരാജയപ്പെട്ടിടത്ത് തീയ്യരുടെ പൂർവസൂരികൾ വിജയിച്ചത് വാക്കുകളിലൂടെയല്ല, മറിച്ച് അത് യാഥാർഥ്യമാക്കിക്കൊണ്ടാണ് എന്നാണ് ഇവിടെ കാണാൻ കഴിയുന്നത്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയം കൊണ്ട് പ്രശസ്തനായ സാമൂഹ്യപരിഷ്കർത്താവാണ് ശ്രീ നാരായണഗുരു. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിലെ ജാതി തന്നെ ഇല്ലാതാക്കുന്നതിന് അദ്ദേഹം പരാജയപ്പെട്ടു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ആശയപ്രചാരണത്തിനായി ഉയർന്ന വന്ന എസ് എൻ ഡി പി എന്ന ശ്രീ നാരായണ ധർമപരിപാലന സംഘം എന്ന സംഘടന കേരളത്തിലെ തന്നെ ഏറ്റവും വലിയ ജാതിസംഘനയായി മാറുകയാണുണ്ടായത്.
എന്നാൽ തീയ്യസമുദായത്തിന്റെ ഘടന തന്നെ ജാതികേന്ദ്രീകൃതമായിട്ടുപോലും എല്ലാ സമുദായങ്ങളെയും കോർത്തുചേർത്തുകൊണ്ടുള്ള സമൂഹഘടനയാണ് തീയ്യർ മുന്നോട്ടുവെക്കുന്നത്.
അതുകൊണ്ട് തന്നെ കാവുകൾ കാവുകൾ കേന്ദ്രീകരിച്ച് ജാതിക്കൂട്ടായ്മകളായി നിലനിൽക്കുമ്പോൾ പോലും വലിയ ജാതിസംഘടന തീയ്യസമുദായത്തിനിടയിൽ ഉയർന്ന വരാത്തത്. സമുദായത്തെ ക്രമപ്പെടുത്തുമ്പോൾ തന്നെ ഒരു സമൂഹത്തെ കൂടി എങ്ങനെ ക്രമീകരിക്കണമെന്ന കൃത്യമായ ബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു.
ശ്രീ നാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം എന്ന ആഹ്വാനം തിരുവിതാംകൂറിൽ ഏറ്റവും വലിയ ജാതിസംഘടനയുടെ ഉദയത്തിന് കാരണമായപ്പോൾ കാവുകൾ കേന്ദ്രീകരിച്ചുള്ള തീയ്യരുടെ സമൂഹഘടന ജാതിക്കതീതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണുണ്ടായത്.
കുലത്തിന്റെ നിലനിൽപ് കേന്ദ്രീകരിച്ചുള്ള സമൂഹഘടനയാണ് തീയ്യർക്കുള്ളത്. തീയ്യരിൽ ആചാരസ്ഥാനികനാവാൻ വിവാഹം കഴിച്ചിരിക്കണമെന്ന് നിർബന്ധവുമാണ്. കാവുകളിൽ സമുദായംഗത്തിന് പിരിവ് നല്കണമെങ്കിലും അഭിപ്രായത്തിനുള്ള അധികാരം ലഭിക്കണമെങ്കിൽ പോലും വിവാഹിതനായിരിക്കണമെന്നത് നിർബന്ധമാണ്.
ശ്രീ നാരായണ ഗുരു തുല്യനായ വാഗ്ഭടാനന്ദൻ തീയ്യസമുദായത്തിൽപെട്ട ആളായിരുന്നിട്ടുപോലും സമുദായം അദ്ദേഹത്തെ അംഗീകരിക്കാതിരുന്നത് സന്യാസ സമ്പ്രദായം തീയ്യരുടെ സംസ്കാരത്തിന് വിരുദ്ധമായതിനാലും കാവുകൾ കേന്ദ്രീകരിച്ച സാമൂഹ്യക്കൂട്ടായ്മ തീയ്യസമുദായത്തിന് പരമ്പരാഗതമായി ഉണ്ടായിരുന്നതിനാലുമാണ്. പൂർവിക പൈതൃകത്തെ വിട്ട് ഏതെങ്കിലും ഒരു ഗുരുവിനെ സമുദായബിംബമായി കൊണ്ടുനടക്കേണ്ടുന്ന അവസ്ഥ തീയ്യസമുദായത്തിന് ഇല്ല തന്നെ.
ഇനിയും ചിന്തിക്കുവാൻ നാം വൈകിക്കൂടാ...
തീയ്യസമുദായത്തിന്റെ ഇന്നത്തെ അടിത്തറ എന്താണ് ? തീയ്യരുടെ തന്നെ പൂർവികരോ അതോ ശ്രീനാരായണഗുരുവോ?
തീയ്യസമുദായം ഇന്ന് അതിന്റെ അസ്തിത്വം നിലനിർത്താനായി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. സമുദായം അതിന്റെ പൂർവിക പാരമ്പര്യബോധത്തെ വേണ്ടീടുത്താൽ മാത്രമേ ഇനി ഈ സമുദായത്തിന്റെ അസ്തിത്വം നിലനിൽത്താനാവൂ... ദീർഘവീക്ഷണത്തോടെ നാം വരും തലമുറയെ മുന്നിൽ കാണേണ്ടതുണ്ട്.
ശ്രീ നാരായണഗുരുബിബത്തെ മുൻനിർത്തിയാണ് തീയ്യസമുദായം ഇന്ന് സമൂഹത്തിൽ ഈഴവരായിക്കൊണ്ടിരിക്കുന്നത്. വിദഗ്ധമായ തന്ത്രങ്ങളിലൂടെ ശ്രീ നാരായണഗുരുവിനെ അപൂർവം തീയ്യരിൽ അടിച്ചേൽപിച്ചതിലൂടെ തീയ്യ എന്ന സമുദായത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കാൻ തിരുവിതാംകൂറിലെ ഈഴവസംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. തീയ്യരല്ലാതെ മലബാറിൽ മറ്റൊരു സമുദായവും നാരായണഗുരുബിംബവുമായി നടക്കുന്നില്ല ഇന്ന് കാണാം
തീയ്യസമുദായത്തിന്റെ തിരിച്ചുവരവിനായി നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതുണ്ട്
- SNDP ഈഴവസംഘടനയാണ്, തീയ്യരുടേതല്ല. തീയ്യരുടെ സമുദായക്കൂട്ടായ്മ കാവുകളാണ്.
- ശ്രീ നാരായണഗുരു ജയന്തിയുടെയോ സമാധിയുടെയോ ആഘോഷമോ ശിവഗിരി തീർത്ഥാടനമോ തീയ്യരുടെ രീതികളല്ല. തെക്കൻ കേരളത്തിലെ ഈഴവർ അവരുടെ സമുദായ ചിഹ്നങ്ങളായി കൊണ്ട് നടക്കുന്ന ആഘോഷങ്ങളാണിതൊക്കെ
- തീയ്യരുടെ ആഘോഷങ്ങൾ കാവുകളിലെ അനുഷ്ടാനങ്ങളാണ്.
തീയ്യസമുദായത്തിന്റെ കുതിപ്പ് ഇനി നിശ്ചയദാർഢ്യത്തിന്റെ കരുതിലാകട്ടെ....
നമുക്ക് തീയ്യസമുദായത്തിന്റെ അസ്തിത്വത്തെ ഇല്ലാതാക്കുന്ന ശ്രീ നാരായണഗുരു ബിംബത്തെ ഉപേക്ഷിക്കാം. നമ്മുടെ പൂർവികപാതയെ മുറുക്കിപ്പിടിക്കാം...