പുലിഭൂത (പുലിച്ചാമുണ്ഡി) (വിഷ്ണുമൂർത്തി)
കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരിപ്പുഴ മുതൽ കർണാടകത്തിലെ കുന്താപുരം വരെയുള്ള സഹ്യപർവത നിരകൾക്ക് പടിഞ്ഞാറു ഭാഗത്തുള്ള പുഴകളും മലകളും കാറ്റിൽ സുന്ദരതരംഗങ്ങൾ സൃഷ്ടിക്കുന്ന നെൽപ്പാടങ്ങളും നഗ്നമായ സമുദ്രതീരങ്ങളെ പച്ചപ്പട്ടുടുപ്പിക്കുന്ന കേരവൃക്ഷങ്ങളും കൊണ്ട് മനോഹരമായ തീരനാടിനെ പ്രാക് കാലം മുതൽ വിളിച്ചുപോരുന്ന പേരാണ് തുളുനാട്. പേരുപോലെ തന്നെ തുളു സംസ്‌കൃതിയുടെ വേരുകളും ഭാഷയും ഈ അതിരുകൾക്കുള്ളിൽ ആഴ്ന്നുകിടക്കുന്നു. മലനാട്ടിൽ തെയ്യാരാധനയ്ക്ക് സമാനമായി ഭൂതരാതന കേന്ദ്രീകരിച്ചു ജീവിക്കുന്ന തുളു ജനതയുടെ നാട്. തുളുജനത അവരുടെ ദേവതകളെ മദിപ്പിക്കുന്ന അമൃതം തേടി മധു ചൊരിയുന്ന തെങ്ങിൻപൂക്കുലകളിൽ കുരുന്നുരച്ചു അമൃതിനെ ആവാഹിച്ചെടുക്കുന്ന നാട്.
പ്രാക് തുളുജനതയുടെ പൂർവികർ തങ്ങളുടെ ജീവിതായോധനത്തിന് കാടുകളും മൃഗങ്ങളും വെല്ലുവിളിയായി ഉയർന്നുനിന്നിരുന്ന സമയത്ത്, നെൽപ്പാടങ്ങളിൽ കന്നുകാലികളെയെല്ലാം ആവശ്യമായിരുന്ന സമയത്ത് അവർ ആരാധിച്ചിരുന്ന മൃഗദേവതകളെയും വീരപുരുഷന്മാരെയും ഇന്നും കൈവിടാത്ത തുളു ജനത. ഒന്ന് കുറെ നാല്പത് ഭൂതക്കോലങ്ങളെയും തോറ്റിച്ചമച്ചാരാധിക്കുന്ന തുളുജനത.
ഇത്രയും പറഞ്ഞത് തുളുനാട്ടിൽ നിന്നും ഒരു നെല്ലിക്കതീയ്യന്റെ കുടയും ചുരികയുംആധാരമായി മലനാട്ടിലേക്ക് കയ്യെടുത്ത് മലനാട് നിറയെ ആരാധന നേടിയ ഒരു തുളുദേവതയെ കുറിച്ച് പറയുവാനാണ്. പാലന്തായിക്കണ്ണന്റെ കുടയിലും ചുരികയിലുമായി മലനാട്ടിലേക്ക് വന്ന ആ ദേവതയിലേക്കാണ് ഈ കുറിപ്പ് പോകുന്നത്. അതിനു മുൻപ് പാലന്തായി കണ്ണന്റെ കൂടെ വന്ന തുളുദേവതയുടെ ഐതിഹ്യത്തിലേക്ക് കടക്കാം. പുലിഭൂത, പുലിച്ചാമുണ്ഡി എന്ന പേരിലെല്ലാം ആരാധിക്കപ്പെടുന്ന ആ തുളുദേവതയുടെ ഐതിഹ്യത്തിലേക്ക് കടക്കാം
vishnumoorthi |
പുലിഭൂത(പുലിച്ചാമുണ്ഡി) ഐതിഹ്യം
തുളു ജനത അവരുടെ കൃഷിയുടെയും കന്നുകാലികളുടെയും രക്ഷക്കായി ആരാധിക്കുന്ന ഒരു മൃഗദേവതയാണ് ഈ ദേവത. വള്ളിവേങ്ങാപ്പുലിയുടെ രൂപത്തിൽ ഉള്ള ഈ ദേവത, തുളുജനത അങ്കത്തിനും പടയ്ക്കും കൂട്ടത്തിനും കുറിക്കും നരിവിളിക്കും നായാട്ടുകാര്യത്തിനും തുണ വിളിക്കുന്ന പരദേവതയാണ്. ഐതിഹ്യം ശിവപാർവ്വതിമാരുമായി ബന്ധപ്പെട്ടുനിൽക്കുന്നു.
പണ്ട് കാനനത്തിൽ വസിച്ചിരുന്ന രണ്ട് പക്ഷികൾ ശിവപാർവ്വതിമാരുടെ അനുഹ്രഹത്താൽ വിവാഹിതരായി. സന്തോഷത്തോടെ അവർ കാനനത്തിൽ സ്വൈര്യവിഹാരം നടത്തവേ അതിലെ ആൺപക്ഷി അപകടത്തിൽപെടുകയും പെൺപക്ഷി മനമുരുകി ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും തന്റെ ഭർത്താവ് രക്ഷപ്പെടുകയാണെങ്കിൽ തന്റെ മുട്ടകളിൽ ഒന്ന് ശിവപാർവ്വതിമാർക്ക് നൽകുമെന്നും നേർന്നു. ആൺപക്ഷി രക്ഷപ്പെടുകയും നന്ദിസൂചകമായി അവർ തങ്ങളുടെ ഒരു മുട്ട ശിവപാർവ്വതിമാർക്ക് നൽകുകയും ചെയ്തു. കൈലാസത്തിൽ വെച്ച് പക്ഷികൾ നൽകിയ മുട്ടവിരിഞ്ഞ് ഒരു പുലിക്കുഞ്ഞ് പുറത്തുവരികയും മുട്ട വിരിഞ്ഞു വന്ന പുലി വളർന്നപ്പോൾ ശിവൻ അതിനെ തന്റെ കന്നുകാലികളെ സംരക്ഷിക്കുവാൻ ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ വളർന്നു വലുതായ ആ പുലി ശിവന്റെ ഏറ്റവും പ്രിയപ്പെട്ട പശുവിനെ കൊല്ലുകയും ഇതറിഞ്ഞ ശിവൻ ഇനി ഇതിനെ കൈലാസത്തിൽ നിർത്തുവാൻ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ട് തുളുനാട്ടിലേക്ക് തുളുജനതയുടെ കൃഷിയുടെയും കന്നുകാലികളുടെയും സംരക്ഷണത്തിനായി തുളുനാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പ്രാചീന തുളു ജനതയുടെ സംരക്ഷണത്തിനായി എത്തിച്ചേർന്ന ഈ പുലിപരദേവത ആണ് തുളു ജനത പുലിഭൂതമായും പുലിച്ചാമുണ്ഡിയുമായും ആരാധിക്കുന്ന പരദേവത.
കോവിൽകുടിപ്പാടി തറവാടും തണ്ടാർമാതയും പുലിച്ചാമുണ്ഡിയും
ചെറുവത്തൂരിനടുത്തെ കണ്ണങ്കൈ എന്ന പ്രദേശത്തെ വടക്കേ വീട് തറവാട്ടിലെ നെല്ലിക്കതീയ്യ സ്ത്രീയാണ് തണ്ടാർ മാതാവ്. അവർ നീലേശ്വരത്തെ കുറുവാട്ട് കുറുപ്പുമായി ഇടർച്ചയിലാവുകയും നാട്ടിൽ നിൽക്കാനാവാതെ നീലേശ്വരം രാജ്യവും കുമ്പള മൂവായിരം വട്ടം രാജ്യവും കടന്ന് വടക്കോട്ടേക്ക് പോയി മംഗലാപുരത്തെ കോവിൽകുടിപ്പാടി തറവാട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. കോവിൽകുടിപ്പാടി തറവാട്ടിലെ പുലിച്ചാമുണ്ഡി ദൈവത്തിന് അടിച്ചുതളിയും അന്തിത്തിരിയുമായി തണ്ടർമാതാവ് കഴിഞ്ഞുകൂടി.
കോവിൽകുടിപ്പാടി തറവാടും കുദ്രോളി കൂട്ടക്കളവും 18 താനങ്ങളും
കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്കും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയ്ക്കും ഇടയിലുള്ള സഹ്യപർവതത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വസിക്കുന്ന തീയ്യർ തങ്ങളുടെ വടക്കേ അതിർത്തിയായ കാഞ്ഞിരോട്ട് പെരുമ്പുഴ ഭേദിച്ച് തുളുനാട്ടിലേക്ക് കടക്കുകയും അവിടെ നിലനിന്നിരുന്ന ദുർഭരണത്തെ ഇല്ലാതാക്കി തുളുനാട്ടിൽ താമസം തുടങ്ങി. തുളുനാട്ടിൽ മൂവായിരം വട്ടത്തിലും അയ്യായിരം വട്ടത്തിലും തനതായ ഗോത്രഘടന സൃഷ്ടിച്ച് കൂട്ടം കൂട്ടമായി താമസം തുടങ്ങി.
മൂവായിരം വട്ടം നാട്ടിനകത്ത്,
1. കുമ്പ്യാനൂർ വില്ലും കാരണവരും,
2. കുമ്പടായി മുന്നൂറ് വില്ലും കാരണവരും,
3. കാഞ്ഞിരോട്ട് നാൽപ്പത് വില്ലും കാരണവരും,
4. ഏരിയാൽ എൺപത് വില്ലും കാരണവരും,
5. മോരാൽ നാൽപ്പത് വില്ലും കാരണവരും,
6. പട്ടളത്ത് നൂറു വില്ലും കാരണവരും,
7. പുത്യാ നാൽപ്പത് വില്ലും കാരണവരും, അമൃതകലശക്കാരനും,
8. പാടി നാലില്ലത്തെ കരുവന,
9. ആദൂർ ,അഡൂർ രണ്ട് ഇല്ലത്തെ കരുവന ,
10. മൂലപ്പള്ളിക്ക് കിഴക്ക് നാലില്ലത്തെ കരുവന,
ഇങ്ങനെ 10 വില്ലുകളും
അയ്യായിരം വട്ടം നാട്ടിനകത്ത്,
11 ,അടുക്കം നാല് ഉർയ്യ 40+40:80 വില്ലി
12 ,ഉപ്പളം നാല് ഉർയ്യ 25 വില്ലി
13 ,പട്ടത്തൂർ മൂന്ന് ഗ്രാമം 40 വില്ലി
14 , മഞ്ജിരം നാല് നാട് 100 വില്ലി
15 ,ഉള്ളാളം നാല് നാട് 100 വില്ലി
16 ,കുദ്രോളി ആർകോടി 100 വില്ലി
17 ,മൂൽകി ഏഴ് ഗ്രാമം 100 വില്ലി
18 ,പയ്യത്ത് ബോൽനാട് 40 വില്ലി
ഇങ്ങനെ എട്ട് വില്ലുകളും
ഇതനുസരിച്ച് അയ്യായിരം വട്ടത്തിലെ തീയ്യ സമുദായത്തിന് അടുക്ക,ഉപ്പളം,മഞ്ചേശ്വരം, ഉള്ളാളം, മംഗലാപുരം (കുദ്രോളി),പട്ടത്തൂർ,മുൽക്കി,ബൊൾനാടു എന്നിങ്ങനെ 8 കാര്യ ക്ഷേത്രങ്ങളാണ് ഉള്ളത്. കുമ്പ്യാമൂവായിരംവട്ടം (കുമ്പളസീമ) നാട്ടിലാവട്ടെ തീയ്യർക്ക് 10 കാര്യക്ഷേത്രങ്ങളാണ് ഉള്ളത്. കാഞ്ഞിരോട്,ഏരിയാൽ, മേരാൽ, പാടിപട്ടളം,കുമ്പ്യാ, ആദൂർ, അടൂർ,കുറ്റിക്കോൽ,കോടോഞ്ചി, അതാത് പ്രദേശത്തെ സമൂഹത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. ഇത്തരം 'താന' (സ്ഥാനം- ക്ഷേത്രം)ത്തിൽ വെച്ചാണ്. ''താന'' ത്തുനിന്നുണ്ടാവുന്ന വിധിയിൻമേൽ അപ്പീൽ കേൾക്കാനായി ''കൂട്ടം'' മുണ്ടായിരുന്നു. 8 താനകാർക്ക് ''കുദ്രോളി കൂട്ടക്കളവും'' 10 താനകാർക്ക് ''കാഞ്ഞിരോട്ട് കൂട്ടവും'' മാത്രമല്ല പത്തും എട്ടും പതിനെട്ടിനു മീതെ'' സർവാധിപത്യ മുള്ള കുദ്രോളി കൂട്ടക്കളവും ഉണ്ടായിരുന്നു. ''കൂട്ടക്കളത്തിന്റെ'' വിധിയനുസരിക്കാത്തവർ ജാതി ഭ്രഷ്ട്ടരാവും.
തുളുനാട്ടിലേക്ക് പടയുമായി പോയി അവിടെ നിലകൊണ്ട തീയ്യരുടെ പ്രധാന കേന്ദ്രമായിരുന്ന കുദ്രോളി കൂട്ടക്കളത്തിന്റെ നാല് ഊരായ്മകളിൽ മൂന്നാമത്തെ ഊരായ്മ തറവാടാണ് പാലന്തായി കണ്ണൻ മംഗലാപുരത്തത് താമസിച്ച ജെപ്പ് എന്ന സ്ഥലത്തെ കോവിൽകുടിപ്പാടി തറവാട്.
പാലന്തായി കണ്ണൻ കുറുവാട്ട് കുറുപ്പുമായി ഇടർച്ചയിലാവുന്നു
നീലേശ്വരത്തെ പ്രമാണിയായ കുറുവാട്ട് കുറുപ്പിന്റെ മരുമകൾ കുറുപ്പിന്റെ പശുക്കളെ പരിപാലിക്കുന്ന പാലന്തായി കണ്ണന്റെ അകാരസൗഷ്ഠവത്തിൽ അതിയായ മോഹമുദിക്കുകയും കണ്ണനെ തന്റെ ആഗ്രഹം നിരവധി തവണ അറിയിക്കുകയും എന്നാൽ എന്നാൽ നിഷ്കളങ്കനായ കണ്ണൻ ഒഴിഞ്ഞുമാറുകയും ചെയ്തു. തനിക്ക് കിട്ടാത്ത ഒരു സുന്ദരരൂപം മറ്റാർക്കും കിട്ടരുത് എന്ന് ഉറപ്പിച്ച അവളുടേ ഉള്ളിൽ കണ്ണനോടുള്ള പക നുരഞ്ഞു പൊങ്ങി. തന്റെ അമ്മാവനായ കുറുവാട്ട് കുറുപ്പിനോട് കണ്ണൻ മാങ്ങ തിന്നതിന് ശേഷം അതിന്റെ അണ്ടി എന്റെ മേൽ എറിഞ്ഞു എന്ന് കള്ളം പറയുകയും കുറുവാട്ട് കുറുപ്പ് ക്രോധം കൊണ്ട് കണ്ണനെ കൊല്ലാനായി പുറപ്പെടുകയും ചെയ്തു.
പാലന്തായി കണ്ണൻ മംഗലാപുരത്തേക്ക് നാട് വിടുന്നു
എന്നാൽ കൂട്ടുകാർ മുഖാന്തിരം ഈ അപകടത്തെ അറിഞ്ഞ കണ്ണൻ പള്ളിക്കരയിലെ തന്റെ വെള്ളിമാട് തറവാട് വിട്ട് വടക്കോട്ടേക്ക് പലായനം ചെയ്തു. പല പുഴകൾ നീന്തിക്കടന്നും നടന്നും നീലേശ്വരവും കുമ്പള മൂവായിരം വട്ടവും കടന്നു. ഉള്ളാളം പുഴ നീന്തിക്കടന്ന് മംഗലാപുരത്തെത്തി. ഭാഷയും രാജ്യവും മാറി. കണ്ണനാണെങ്കിൽ മംഗലാപുരത്തെ കന്നടയോ തുളുവോ അറിയില്ല. കണ്ണൻ വൈകുന്നേരം വരെ മംഗലാപുരത്ത് ചുറ്റിത്തിരിഞ്ഞു. ദാഹിച്ചു വലഞ്ഞ കണ്ണൻ അടുത്തൊരു വീട്ടിൽ പോയി മലയാളത്തിൽ വെള്ളം ചോദിക്കുകയും ചെയ്തു. യാദൃശ്ചികമായി ആണെങ്കിലും പണ്ട് കുറുവാട്ട് കുറുപ്പിനെ ഭയന്ന് ചെറുവത്തൂരിൽ നിന്ന് മംഗലാപുരത്തേക്ക് വന്ന തണ്ടർമാതാവ് താമസിക്കുന്ന കോവിൽകുടിപ്പാടി തറവാട് ആയിരുന്നു അത്. മലയാളം സംസാരിക്കുന്ന കണ്ണനോട് തന്റെ ഇല്ലവും മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം തനിക്ക് അടിച്ചു തളിക്കും അന്തിത്തിരിക്കും ഒരു സഹായത്തിന് തറവാട്ടിൽ നിൽക്കുവാൻ പറയുകയും ചെയ്തു. തണ്ടർമാതാവ് ആരാധിക്കുന്ന പുലിച്ചാമുണ്ഡിക്ക് പൂജയും കലശവുമായി 12 വർഷത്തോളം കണ്ണൻ കോവിൽകുടിപ്പാടി തറവാട്ടിൽ താമസിച്ചു.
കണ്ണൻ തിരിച്ച് തന്റെ ജന്മനാടായ നീലേശ്വരത്തേക്ക്
മംഗലാപുരത്തെ കോവിൽ കുടിപ്പാടി തറവാട്ടിൽ നിൽക്കവേ ഒരു ദിവസം കണ്ണൻ തന്റെ കണ്ണന്റെ ജന്മനാട് കാണണമെന്ന് താൻ ആരാധിക്കുന്ന പുലിച്ചാമുണ്ഡിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് സ്വപ്നം കാണിക്കുകയുണ്ടായി. ദീർഘകാലമായുള്ള ജന്മനാടുമായുള്ള വേർപാട് കണ്ണനെയും തന്റെ നീലേശ്വരം നാട് ഒന്നുകൂടി കാണാൻ അളവറ്റ ആഗ്രഹമുണ്ടാക്കി. പിറ്റെന്നാൾ രാവിലെ കണ്ണൻ തണ്ടാർമാതാവിനോട് തനിക്ക് നീലേശ്വരത്തേക്ക് തിരിച്ചുപോവാനുള്ള ആഗ്രഹം അറിയിക്കുകയും, ആ അമ്മ വിഷമം കൊണ്ട് കണ്ണനെ വിലക്കുകയും ചെയ്തു. കണ്ണൻ വീട് വിട്ട് പോയാൽ തിരിച്ചുവന്നാൽ മാത്രമേ താൻ കോവിൽകുടിപ്പാടി വീടിന്റെ പടിഞ്ഞാറ്റ നടക്കുകയുള്ളൂ എന്നും ആ അമ്മ കണ്ണനോട് പറയുകയുണ്ടായി.
തണ്ടാർമാതാവിന്റെ സങ്കടം ഒരുഭാഗത്ത്, തനിക്ക് ജന്മനാട് കാണുവാനുള്ള ആഗ്രഹം മറുഭാഗത്ത്. പാലന്തായി കണ്ണൻ കുഴങ്ങി. അവസാനം തന്റെ ജന്മനാട് കാണുവാനുള്ള തീവ്രമായ ആഗ്രഹത്താൽ നീലേശ്വരത്തേക്ക് തിരിച്ചുപോവാൻ തീരുമാനിച്ചു. അങ്ങനെ ഒരർദ്ധരാത്രിയിൽ കണ്ണൻ കുളിച്ചു മാറ്റുമുടുത്ത് തന്റെ പുലിദൈവത്തിന്റെ കൊട്ടിലിൽ വന്നു തന്റെ ഓലക്കുട കയ്യിലെടുത്തു. ഇത് കണ്ട ദൈവത്തിന്റെ ചുരിക തുള്ളിയിളകി കണ്ണന്റെ കൈകളിലേക്ക് വന്നു. പാലന്തായി കണ്ണൻ നീലേശ്വരം ലക്ഷ്യമാക്കി തെക്കോട്ടു നടന്നു, കൂടെ ചുരികയിൽ പുലിച്ചാമുണ്ഡിയും.
വരുമ്പോൾ നീന്തിക്കടന്ന ഉള്ളാളം പുഴ കണ്ണൻ തിരിച്ചു പോകുമ്പോൾ തുകിൽമാടിക്കടന്നു. വലതുകൈയ്യിൽ ചുരികയും ഇടതുകൈയിൽ കുടയുമായി കണ്ണൻ പിന്നെയും തെക്കോട്ടു നടന്നു. കുമ്പളചിത്രപീഠത്തിൽ നിന്ന് രക്തചാമുണ്ഡിയും കണ്ണന്റെ കൂടെ വന്നു. വീണ്ടും തെക്കോട്ടു നടന്ന് പാലക്കുന്ന് കഴകത്തിൽ പോയി. അവിടെ നിന്ന് മുല്ലപ്പള്ളി കൊല്ലന്റെ കൊട്ടിലിൽ പോയി ചുരികയുടെ കാറും പൊടിയും നീക്കി. പടന്നക്കാട് ആൽത്തറ ചുവട്ടിൽ വിശ്രമിച്ചു. അങ്ങനെ നിരവധി സ്ഥലങ്ങളും പുഴകളും താണ്ടി കണ്ണൻ നീലേശ്വരത്ത് തിരിച്ചെത്തി.
അവിടെ വെച്ച് കണ്ണൻ തന്റെ ബാല്യകാല സുഹൃത്തായ കനത്താടനെ കാണുകയും ബാല്യകാല സൗഹൃദവും സ്നേഹവും പങ്കിട്ട കനത്താടൻ കണ്ണനെ ഭക്ഷണത്തിനായി കൈകഴുകുവാൻ കദളിക്കുളത്തിലേക്ക് അയക്കുകയും ചെയ്തു.
പാലന്തായി കണ്ണന്റെ തിരിച്ചുവരവ് രഹസ്യമായറിഞ്ഞ കുറുവാട്ട് കുറുപ്പ് കണ്ണനെ കൊല്ലുവാനായി പാഞ്ഞടുക്കുകയും മുഖം കഴുകുന്നതിനിടയിൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കണ്ണനെ പൊടുന്നനെ കുറുപ്പ് വെട്ടുകയും കണ്ണന്റെ ഉടലും തലയും കുളപ്പടവിൽ വീഴുകയും ചെയ്തു. കുളപ്പടവിൽ വീണ കണ്ണന്റെ ഉടലും തലയും കുറുവാട്ട് കുറുപ്പ് കാലുകൊണ്ട് കുളത്തിലേക്ക് തട്ടിയിട്ടു. ചോര കൊണ്ട് കദളിക്കുളം ചുവന്നു.
കണ്ണന്റെ കുടയും ചുരികയും കണ്ട കുറുപ്പ് അതും കാലുകൊണ്ട് തട്ടി കുളത്തിലേക്കിട്ടു. കുളത്തിലേക്ക് വീണ ചുരിക തുള്ളിയിളകാൻ തുടങ്ങി. കദളിക്കുളത്തിലെ പൂത്താലികളെ ചുരിക തലങ്ങും വിലങ്ങും വെട്ടിയറുക്കുന്നത് കണ്ട കുറവാടാൻ ഭയന്ന് തന്റെ തറവാട്ടിലേക്ക് ഓടി. അവിടെ കുറുവാടനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. തറവാട്ടിൽ തന്റെ ഭാര്യക്കും മരുമക്കൾക്കും ഭ്രാന്തിളകി. കുറുവാടന്റെ ആലയിലെ പശുക്കളെ നട്ടുച്ചയ്ക്ക് നരി പിടിച്ചു. മൂന്നേമുക്കാൽ നാഴിക കൊണ്ട് കുറുവാടന്റെ തറവാട് ചെമ്മണ്ണും തീപ്പുകയുമായി. ഭയന്നുവിറച്ച കുറുവാടൻ നീലേശ്വരം രാജാവിനെ അഭയം പ്രാപിച്ചു.
ഭയന്ന രാജാവ് പെട്ടെന്ന് പ്രശ്നചിന്തകനെ വിളിച്ച് കാര്യമെന്താണെന്ന് നോക്കി. പ്രശ്നചിന്തയിൽ വടക്ക് നിന്ന് തെക്കോട്ട് പാലന്തായി കണ്ണന്റെ നിറവട്ടം പിടിച്ച് രണ്ട് ദേവതമാർ എഴുന്നള്ളിയിട്ടുണ്ട് എന്നും കണ്ണനെ ദൈവക്കരുവായി എന്റെ മുന്നിൽ കുടിയിരുത്തണമെന്നുമാണ് ദേവതയുടെ ഹിതം എന്നും തെളിഞ്ഞു. അതെ സമയം കദളിക്കുളത്തിൽ ഇളകിക്കളിച്ച ചുരിക നേരെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് കോട്ടപ്പുറം മുകയന്റെ പടിഞ്ഞാറ്റയിൽ സ്ഥാനം പിടിച്ചു. മുകയന് മറ്റൊരു വീട് വെക്കാനുള്ള സ്ഥലവും സൗകര്യവും ചെയ്ത് കോട്ടപ്പുറം മുകയന്റെ പടിഞ്ഞാറ്റ വെട്ടിക്കീറി പുലിച്ചാമുണ്ഡിക്ക് പള്ളിയറ പണിതു. പരദേവത എന്ന് ദൈവം മലനാടിൽ ആകെ പ്രസിദ്ധിയാകുകയും ചെയ്തു. പള്ളിയറയ്ക്കുള്ള മുഹൂർത്തകല്ലു കുറുവാട്ട് കുറുപ്പ് സ്വന്തം ചുമലിലേറ്റി ആണ് വെച്ചത്. കുറുവാട്ട് കുറുപ്പ് മുഹൂർത്തക്കല്ലുമായി വരുമ്പോൾ കല്ല് താഴെ വെച്ച് വിശ്രമിച്ച സ്ഥാനവും പുലിച്ചാമുണ്ഡിയുടെ ചൈതന്യത്താൽ ദേവാലയമായി. കുറുവാട്ട് കുറുപ്പ് മുഹൂർത്തകല്ലു വെച്ച സ്ഥാനത്ത് ഉയർന്നു വന്ന പള്ളിയറയാണ് പാലേരെ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം.
അങ്ങനെ കോട്ടപ്പുറം മുകയന്റെ പടിഞ്ഞാറ്റ അള്ളടസ്വരൂപത്തിലെ പരദേവതയുടെ ആരൂഢസ്ഥാനമായി. നെല്ലിക്കാത്തുരുത്തി കഴകത്തിലെ അറുവരച്ചന്മാരും പരദേവതയെ മാറ്റുമുടുത്ത് എതിരേറ്റു. പാലന്തായി കണ്ണന്റെ അനന്തരവരായ പറമ്പത്തെ കൂറൻ കോട്ടപ്പുറം പള്ളിയറയുടെ അവകാശിയുമായി. തുളുനാടിന്റെ പരദേവതയായ പുലിച്ചാമുണ്ഡി, പാലന്തായി അച്ചൻ ഹേതുവായി മലനാടിന്റെയും പരദേവതയായി.
പാലന്തായി കണ്ണന്റെ കോലം ഉള്ള സ്ഥാനങ്ങൾ
1. കോട്ടപ്പുറം പള്ളിയറ (കോട്ടപ്പുറം ശ്രീ വൈകുണ്ഠം) - പുലിച്ചാമുണ്ഡിയുടെ അള്ളടസ്വരൂപത്തിലെ ആരൂഢം
2. വലിയ വീട് തറവാട് (പാലന്തായി കണ്ണന്റെ അനന്തരവരുടെ തറവാട്) - ഇവിടെയാണ് പാലന്തായി കണ്ണന്റെ ശവകുടീരം ഉള്ളത്
3. കണ്ണങ്കൈ വടക്കേ വീട് തറവാട് (തണ്ടാർ മാതാവിന്റെ തറവാട്)
തുളുനാട്ടിലെ ആരാധ്യദേവതയായ പുലിച്ചാമുണ്ഡിയുടെ മലനാട്ടിലേക്കുള്ള യാത്രയുടെയും ആ പുലിദൈവം പരദേവത എന്ന പേരിൽ വ്യാപകമായി മലനാട്ടിൽ ആരാധന നേടിയതുമായ ചരിത്രത്തിന്റെ ചുരുക്കം മാത്രമാണിവിടെ എഴുതിയിരിക്കുന്നത്.
അങ്കത്തിനും പടയ്ക്കും
കൂട്ടത്തിനും കുറിക്കും
നരിവിളിക്കും നായാട്ടുകാര്യത്തിനും ഒരു ജനതയെ തുണച്ചുകൊണ്ട് തറയ്ക്കും തറയ്ക്കകത്തെ ജനത്തിനും താങ്ങായി നില കൊണ്ട പരദേവതയുടെ ചരിത്രം